2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കപ്പകാലായിലെ പ്രാസംഗികന്‍

ഇടവക പള്ളിയുടെ പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റബ്ബര്‍ വില കുതിച്ചു നിന്നിരുന്ന ഒരു കാലമായതു കൊണ്ടു പിന്തിരിപ്പന്‍ മുട്ടനാടുകളും കുഞ്ഞാടുകളുടെ കൂടെ കൂടിയിട്ടുണ്ട്. കാശ് പിരിവിന്റെ കിക്ക് ഓഫ്‌ മീറ്റിംഗ് ഒരു സമ്മേളനം തന്നെ ആയി നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ അന്ന് ഇടവകയില്‍ പെട്ട മാണിച്ചായന്‍ അവര്കളെ തിരുസഭയില്‍ ഒരു സുപ്രധാന പദവി ലഭിച്ചത്തിന്റെ പേരില്‍ ആദരിക്കാനും തീരുമാനിച്ചു.

ഈ പരിപാടിയില്‍ കൂടി അദ്ദേഹത്തിന്റെ പ്രീതിയും NRI മക്കളില്‍ നിന്നു ഒരു കനത്ത സംഭാവനയും പതച്ചെടുക്കുക ആണ് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഗൂഡോദ്ദേശം. അതിനായി ഒരുക്കങ്ങള്‍ എല്ലാം നടത്തി. സ്വാഗതം ആശംസിക്കാന്‍ യുവജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പ്രാസന്ഗികന്‍ ഷിബി പൂവാലന്‍ നിയോഗിതനായി.

അങ്ങിനെ മീറ്റിംഗ് ദിവസം വന്നെത്തി. സ്റെജില്‍ വികാരിയച്ചന്‍, മാണിച്ചായന്‍, പഞ്ചായത്ത് പ്രസിഡണ്ട്‌ , സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നിവര്‍ ഉപവിഷ്ടരായിരിക്കുന്നു.

പെട്ടെന്നാണ് പള്ളിയിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. സ്വാഗത പ്രാസന്ഗികന്‍ ഷിബി പൂവാലനെ പോലീസ് പിടിച്ചു. സിജിമോന്‍ കപ്പക്കാലയുടെ ബുക്കും പേപ്പറും ഇല്ലാത്ത നര്‍മദ ആയിരുന്നു വില്ലന്‍. കമ്മറ്റികാര്‍ പകരം ആളെ തേടി ഓട്ടം തുടങ്ങി. അവസാനം ഓട്ടം സിജിമോന്റെ അടുത്ത് തന്നെ ചെന്നവസാനിച്ചു. കാരണം സിജിമോന്‍ പേടിച്ചു വിറചാനെങ്കിലും ചില യോഗങ്ങള്‍ക്ക് കൃതജ്ഞത പറഞ്ഞിട്ടുണ്ട്.

യുവ അച്ചായത്തിമാര്‍ ഉള്‍പ്പെടുന്ന സദസ്സ് ആണ്, ഇതുപോലൊരു സന്ദര്‍ഭം ഇനി കിട്ടില്ല മുതലായ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ സിജിമോന്‍ പരിപാടി അങ്ങ് ഏറ്റു. പെട്ടന്ന് ചില വാക്യങ്ങള്‍ ഒക്കെ തട്ടികൂട്ടി. സ്റെജിലേക്ക് കേറി വരുന്ന സിജിമോനെ കണ്ടപ്പോള്‍ മാണിചായന്റെ മുഖത്തൊരു സന്തോഷ കുറവ്. അതിന്റെ കാരണം സിജിമോന്റെ വല്യപ്പച്ചന്‍ കപ്പക്കാലയില്‍ കുഞ്ഞൂഞ്ഞും മാണിചായനും തമ്മിലുള്ള ഒരു കശപിശ ആണ്. അതെ പറ്റി പിന്നീട് വിവരിക്കാം.

സിജിമോന്‍ സ്റെജിലേക്ക് കേറി പോഡിയത്തിന്റെ പിന്നില്‍ നില ഉറപ്പിച്ചു. ചങ്കിനകത്ത്‌ ഒരു ആദിവാസി ഗാനം മുഴങ്ങുന്നു, കാഴ്ച ചെറുതായിട്ട് മങ്ങിയോ എന്നൊരു സംശയം, ചെവി അടച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു DFX എഫ്ഫെക്റ്റ്‌.

വരുന്നത് വരെട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഓരോരുത്തര്‍ക്കും സ്വാഗതം കാച്ചി. ഓരോരുത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ സദസ്സില്‍ നിന്നു ഓരോ പെണ്‍കുട്ടികള്‍ റോസാ പൂക്കള്‍ സ്റെജിലുള്ള വ്യക്തികള്‍ക്ക് കൊണ്ടെ കൊടുക്കും. അങ്ങിനെ മാണിചായനുള്ള സ്വാഗതവും പറഞ്ഞു തീര്‍ന്നു, പുള്ളിക്കുള്ള റോസാ പൂവുമായി ഒലിച്ചു വരുന്ന മൂക്ക് സ്കാര്‍ഫ് കൊണ്ടു തൂത്തു സിജിമോന്റെ ഒരു കസിന്‍ വേദിയിലേക്ക് വരുന്നു.

സ്വാഗതം ഏറ്റു. വേദിയില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഹാപ്പി. മാണിച്ചായന്‍ വെരി ഹാപ്പി.

എങ്കില്‍ പിന്നെ ഒരു കാച്ചൂടെ കാച്ചിയെക്കാം. എന്തായാലും വെല്ല്യപ്പനും ആയിട്ടുള്ള പെണക്കം കൊച്ചുമോന്‍ ആയിട്ട് അവസാനിപ്പിച്ചുകളയാം.

അവള്‍ മൂക്ക് തൂക്കുന്നതിനും റോസാ പൂവ് കൊടുക്കുന്നതിനും ഇടയില്‍ സിജിമോന്‍ മാണിച്ചായനെ പരമാവധി തേക്കാനുള്ള ഉദ്ദേശത്തോടെ ഒരു സെന്റെന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചു.

മാണിച്ചായന്‍ പണ്ട് ഇന്‍ഡോ പാക്‌ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്‌. അത് വച്ച് ഒരു സെന്റെന്‍സ് ഉണ്ടാക്കി , കിടു എന്നാല്‍ കിക്കിടു.

ഇതാണ് സെന്റെന്‍സ്..

' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരാക്രമി കൂടി ആണ് അദ്ദേഹം. ഇടവകയുടെ സ്നേഹാദരവുകള്‍ അദ്ദേഹത്തെ അറിയിച്ചു കൊണ്ടു ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കുന്നു.'

കൊള്ളാം, സിജിമോന് സ്വന്തം കഴിവില്‍ ഒരു ചെറിയ അഹങ്കാരം തോന്നി. റോസപൂവ് കൊണ്ടെ കൊടുത്തു, കയ്യടി അടങ്ങി. സിജിമോന്‍ ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസത്തോടെ തന്റെ മാസ്റ്റര്‍ പീസ് അങ്ങ് കാച്ചി.


മൊത്തം പറയാന്‍ പറ്റിയില്ല, അതിനു മുന്‍പേ സദസ്സില്‍ നിന്നു ആര്‍ത്തു ചിരി മുഴങ്ങി, കൂട്ടത്തില്‍ കൂവലും. എന്താണ് സംഭവിച്ചതെന്ന് സിജിമോന് മനസ്സിലായില്ല.

സ്റെജിലേക്ക് നോക്കിയ സിജിമോന്‍ കണ്ടത്, മുഖം പൊത്തി ചിരിക്കുന്ന വികാരിഅച്ചനെയും, കടുവയുടെ മുഖഭാവത്തോടെ രോഷാകുലനായി തന്നെ നോക്കി വിറയ്ക്കുന്ന മാണിചായനെയും ആണ്. പഞ്ചായത്ത് പ്രസിഡണ്ട്‌ തോര്‍ത്ത്‌ കടിച്ചു ചിരി അമര്ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു അത് ഒരു കലാഭവന്‍ മണി ചിരിയായി അടുത്തിരുന്ന മൈക്കിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു.

സദസ്സിലെ ബഹളം കാരണം തന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കാന്‍ നിക്കാതെ സിജിമോന്‍ സ്ഥലം കാലിയാക്കി സ്റെജിന്റെ പിന്നിലെത്തി. അവിടെ ചിരിയുടെ പൂരം നടക്കുകയാണ്.

' നീ എന്ത് പോക്ക്രിതരമാ വിളിച്ചു പറഞ്ഞത്'.. ഒരു കമ്മിറ്റി കാരന്‍ ചോദിച്ചു.


അപ്പോളാണ് സിജിമോന്‍ അത് മനസ്സിലാക്കിയത്. ആവേശം കൂടി സിജിമോന്‍ പ്രസങ്ങിച്ചത് ഇപ്പ്രകാരം ആയിരുന്നു..' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, അദ്ദേഹം ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരമാക്രിയാണ് ...'


ഇടിവെട്ടിയപോലെ സിജിമോന്‍ നിന്നു...


അപ്പൊ വികാരി അച്ചന്റെ ശബ്ദം, 'മാണി സാറേ നിന്നെ..അത് ഒരു അബദ്ധം പറ്റിയതാ..'

' അച്ഛനൊന്നും പറയണ്ട.. കുഞ്ഞൂഞ്ഞിന്റെ കൊച്ചുമോനല്ലേ അവന്‍ , അവന്‍ മനപൂര്‍വം എന്നെ കളിയാക്കിയതാ.. നിങ്ങളെല്ലാം ഉണ്ട് അതിന്റെ കൂടെ...'

' മാണിസാറേ ..'

'പോണം ഹേ..'

3 അഭിപ്രായങ്ങൾ: